ചോദ്യോത്തരങ്ങൾ

Q.തടി കൊണ്ട് നിർമ്മിക്കുന്ന ജനലുകൾ ആണോ വീടുകൾക്ക് ഏറ്റവും അനുയോജ്യം?

ദീർഘകാല അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന തടിയുടെ തിരഞ്ഞെടുപ്പ് എന്നത് വളരെ പ്രധാനമാണ്. ജനലുകൾ അല്ലെങ്കിൽ അതിന്റെ ചട്ടക്കൂട് നിർമ്മിക്കുന്നതിന് മറ്റ് വസ്തുക്കളും ലഭ്യമാണ്. ഉദാഹരണമായി ഈ കാലഘട്ടത്തിൽ ഏറെ ഉപയോഗിക്കുന്ന ഒന്നാണ് UPVC. അലുമിനിയം, സ്റ്റീൽ എന്നിവയും ഉപയോഗിക്കപ്പെടുന്നുണ്ട്. ചിലവ് ചുരുക്കുക എന്ന ഉദ്ദേശം ഉണ്ടെങ്കിൽ ജനലിന്റെ ചട്ടക്കൂട് കോൺക്രീറ്റിൽ നിർമ്മിക്കുക എന്നതാണ് ഏറെ അഭികാമ്യം. തടിയിൽ ചാട്ടക്കൂടു നിർമ്മിക്കുന്നതിന്റെ ഗുണങ്ങൾ ഇനി പറയുന്നതാണ്. തിരഞ്ഞെടുക്കുന്ന തടി മികച്ചതാണ് എങ്കിൽ അതിൽ നിർമ്മിക്കപ്പെടുന്ന ജനലും ചട്ടക്കൂടും ഒരുപാട് കാലം നിലനിൽക്കും വീടിന്റെ ആകെ ഡിസൈനിനോട് ചേർന്ന് നിൽക്കുന്ന രീതിയിൽ നിർമ്മിക്കുകയാണെങ്കിൽ തടി കൊണ്ടുള്ള ജനലുകൾ കാഴ്ചയ്ക്ക് ഏറെ മനോഹരമായിരിക്കും. എന്നാൽ തടി കൊണ്ട് ജനൽ നിർമ്മിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ല എങ്കിൽ പിന്നീട് അതു ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം. മികച്ച തടി തന്നെ നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്നു എന്നത് നിർബന്ധമായും ഉറപ്പ്‌ വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം കാലക്രമേണ തടി വളഞ്ഞു പോകുന്നതിനോ, ചിതലരിക്കുന്നതിനോ ഒകെ സാദ്ധ്യതകൾ ഏറെയാണ്. സമയാസമയങ്ങളിൽ തടി കൊണ്ടുള്ള ചട്ടക്കൂടുകളും ജനലും പെയിന്റ് ചെയ്തു കൊടുക്കേണ്ടതുണ്ട്. ഇല്ലായെങ്കിൽ അവ ചിതലരിച്ചു പോവാൻ സാധ്യത ഉണ്ട്‌. തടി ആയതു കൊണ്ട് തന്നെ കാലാവസ്ഥാ മാറ്റങ്ങൾ അവയെ ബാധിക്കാം. തത്ഫലമായി തടി ചൂട് തണുപ്പ് എന്നിവയ്ക്ക് അനുസൃതമായി വികസിക്കുകയോ ചുരുങ്ങുകയോ ഒകെ ചെയ്യാം. ഇതും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം. ഈ കാരണങ്ങളാൽ ഉള്ളത് കൊണ്ടുതന്നെ ജനൽ നിർമ്മാണത്തിനായി ഏറ്റവും മികച്ച തടി തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതു എപ്പോഴും ചിലവ് കൂടുതൽ ഉള്ള ഒരു കാര്യമാണ് എന്നതും ശ്രദ്ധിക്കുക.

Q.കോൺക്രീറ്റ് ചെയ്തതിനു ശേഷം എത്ര ദിവസങ്ങൾ വരെ നനച്ചു കൊടുക്കണം?

സാങ്കേതികമായി പറയുകയാണെങ്കിൽ ഇതു നമ്മൾ ഉപയോഗിച്ചിരിക്കുന്ന സിമന്റ്‌ ഏതു തരത്തിൽ ഉള്ളതാണ്, കാലാവസ്ഥ എപ്രകാരമാണ് എന്നിവയെ ആശ്രയിച്ചാണ് എത്ര ദിവസങ്ങൾ നനയ്ക്കേണ്ടി വരും എന്നത് തീരുമാനിക്കുന്നത്. എന്നിരുന്നാലും സാധാരണ ഗതിയിൽ കുറഞ്ഞതു 7 ദിവസം നനയ്ക്കൽ തുടരണം എന്നതാണ് ഞങ്ങളുടെ അഭിപ്രായം. ഈ കാലയളവിൽ, മുഴുവൻ സമയവും കോൺക്രീറ്റ് ചെയ്ത ഭാഗം നനയ്ക്കപ്പെടുന്നു എന്നു ഉറപ്പ് വരുത്തുക. നനവ് നിൽക്കുന്ന തുണി, ചാക്കുകൾ എന്നിവ കോൺക്രീറ്റ് ചെയ്ത ഭാഗത്തു വിരിച്ചിടുന്നതും ആവശ്യമായ സമയമത്രയും നനവ് ലഭിക്കുന്നു എന്നു ഉറപ്പു വരുത്തുന്നതിനു സഹായിക്കും. സ്ലാബ് വാർത്തതിന് ശേഷം ആ ഭാഗത്തു വെള്ളം കെട്ടി നിർത്തുന്നതും 'curing' അഥവാ 'നനച്ചു കൊടുക്കുക'എന്ന ഏറെ പ്രധാനമായ പ്രക്രിയ മികച്ച രീതിയിൽ നടക്കുന്നു എന്നു ഉറപ്പു വരുത്തുന്നതിനും കോൺക്രീറ്റ് ബലമുള്ളതാകുന്നതിനും സഹായിക്കും.

Q.ഏതു ബ്രാന്റ് സിമന്റ്‌ ആണ് വീട് പണിയുന്നതിനു ഏറ്റവും അനുയോജ്യം?

ഏതു brand എന്നത് യഥാർത്ഥത്തിൽ പ്രധാനമായ ചോദ്യമല്ല. എന്നാൽ ഏതു തരം സിമന്റ്‌ എന്നത് വളരെ പ്രധാനമാണ്. പൊതുവെ സിമെന്റിനെ രണ്ടായി തിരിച്ചിരിക്കുന്നു. PPC എന്നും OPC എന്നും. ഒരു വീട് പണിയുന്നതിനു PPC സിമന്റ്‌ മാത്രമേ ഉപയോഗിക്കാവു എന്നാണ് ഞങ്ങളുടെ അഭിപ്രായം. കാരണം സിമന്റ്‌ ഉപയോഗിക്കുമ്പോൾ പ്രധാനമായും നിങ്ങൾ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി ഉണ്ട്. ഒന്നു മേല്പറഞ്ഞതു പോലെ ഏതു തരം സിമന്റ്‌ ആണ് (PPC / OPC) തിരഞ്ഞെടുക്കുന്നത് എന്നതാണ്. രണ്ടു, സിമെന്റിന്റെ ബലം എന്നതും, മൂന്ന് തിരഞ്ഞെടുത്ത സിമെന്റിന്റെ expiry date എന്നു വരെയാണ് എന്നതുമാണ്. ഈ കാലഘട്ടത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് 53 ഗ്രേഡ് സിമന്റ്‌ ആണ്. എന്താണ് ഈ 53 എന്നതു കൊണ്ട് അർദ്ധമാക്കുന്നതു? സങ്കേതികമായി പറഞ്ഞാൽ, 28 ദിവസങ്ങൾ എന്ന പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന പരീക്ഷണ കാലയളവിലെ സാഹചര്യങ്ങളിലൂടെ 53N/sqmm ബലം ഈ സിമന്റ്‌ കൈവരിക്കും എന്നതാണ്. സാധാരണമായി ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന സിമെന്റിന്റെ കാലാവധി എന്നത് 6 മാസം വരെയാണ്. ഒരു സിമന്റ്‌ പാക്കറ്റ് മിക്സിങ്ങിനായി തുറക്കുമ്പോൾ അതു കട്ട കൂടാതെ തരിതരിയായി വീഴുന്നു എന്നത് ഉറപ്പു വരുത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. വിവിധങ്ങളായ ബ്രാന്റുകൾ മാർക്കറ്റിൽ ലഭ്യമാണ്. സിമെന്റിന്റെ സ്ഥിരത എത്രത്തോളം എന്നതു ഉറപ്പ് വരുത്തേണ്ടത് മാർക്കറ്റിലെ നിലനിൽപ്പിന് അത്യാവശ്യമായതിനാൽ സ്ഥിരത എന്ന ഘടകം എല്ലാ ബ്രാന്റുകളും ശ്രദ്ധ ചെലുത്തുന്ന ഭാഗം തന്നെയാണ് എന്നതാണ് ഞങ്ങളുടെ അഭിപ്രായം.

Q.ഫ്ലൈ ആഷ് ഇഷ്ടികകൾ വീട് പണിയുന്നതിന് ഉപയോഗിക്കുന്നത് എത്രമാത്രം നല്ലതാണ്?

സാഹചര്യങ്ങൾക്കനുസരിച്ചു ഇതു വ്യത്യസ്തമാണ്. സ്ഥിരതയുടെ അടിസ്ഥാനത്തിൽ HIO എന്നും ഫ്ലൈ ആഷ് ഇഷ്ടികകളുടെ ഉപയോഗത്തോട് യോജിക്കുന്നു. കാരണം ഭരക്കുറവുള്ള ഈ ഇഷ്ടികകൾ കൂടുതൽ ഈടു നിൽക്കുന്നതും കോൺക്രീറ്റ് ഇഷ്ടികയെ അപേക്ഷിച്ചു പ്ലാസ്റ്ററിംഗ്, ഫിനിഷിങ് തുടങ്ങിയ കാര്യങ്ങൾക്ക് കൂടുതൽ അനുയോജ്യവുമാണ്. ചിലവുകളുടെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ആർക്കിടെക്റ്റും കൺസ്ട്രക്ഷൻ എഞ്ചിനീയറും തമ്മിൽ മികച്ച സഹകരണങ്ങൾ ഉണ്ടായെങ്കിൽ മാത്രമേ ഫ്ലൈ ആഷ് ഇഷ്ടികകൾ ഉപയോഗിക്കുമ്പോൾ ചിലവ് ചുരുക്കുവാൻ സാധിക്കു. കാരണം ഫ്ലൈ ആഷ് ഇഷ്ടികകൾ ഉപയോഗപ്പെടുത്തുമ്പോൾ വ്യക്തമായി പ്ലാൻ ചെയ്യുന്ന പക്ഷം അതിന്റെ ഭരക്കുറവ് ഒരു പരിധി വരെ ലേബർ കുറക്കുവാൻ നമ്മെ സഹായിക്കും. കൂടാതെ മികച്ച സ്ട്രക്ചറൽ ഡിസൈൻ സാധ്യമാകുന്നു എന്നത് കൊണ്ട് അവിടെയും കൂടുതൽ ലാഭം നേടുവാൻ സാധിക്കും. കൂടാതെ പ്ലാസ്റ്ററിംഗ് കൂടുതൽ എളുപ്പം ആയതിനാൽ താരതമ്യേന കുറവ് മെറ്റീരിയൽ ലേബർ എന്നിവ മതിയാകും എന്നതും ചിലവ് കുറക്കുവാൻ സഹായിക്കും. മേൽപ്പറഞ്ഞ രീതിയിൽ കാര്യങ്ങൾ സമീപിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഫ്ലൈ ആഷ് ഇഷ്ടികകൾക്ക് പകരം കോൺക്രീറ്റ് ഇഷ്ടികകൾ ഉപയോഗപ്പെടുത്തുന്നതാവും ചിലവ് ചുരുക്കുന്നതിന് കൂടുതൽ അഭികാമ്യം.

Q.വീട് പണിയുന്നതിന് മുൻപ് മണ്ണ് പരിശോധിക്കേണ്ടതുണ്ടോ?

ആദ്യമായി എന്തിനു വേണ്ടിയാണ് മണ്ണ് പരിശോധന എന്നത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു വീട് എന്നതിന് ഒരു ഭാരം ഉണ്ട്‌ എന്നത് വ്യക്തമാണല്ലോ? ഒരു വീടുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങൾക്കും, അതിലെ താമസക്കാരും, അതിലെ സാധന സാമഗ്രികൾ എന്ന് തുടങ്ങി എല്ലാം തന്നെ ആ വീടിന്റെ ആകെ ഭാരത്തെ നിർണ്ണയിക്കുന്നതിൽ പങ്ക് വഹിക്കുന്നു. ഇതിൽ തന്നെ സ്ഥായിയായ ചില ഭാരങ്ങൾ ഉണ്ട്‌. ഉദാഹരണമായി, കെട്ടിടത്തിന്റെ സ്ലാബുകൾ , ബീമുകൾ, കോളം, മേൽക്കൂരയുടെ ഭാരം തുടങ്ങിയവ. ഇവയെ നമ്മൾ ‘ഡെഡ് ലോഡ്’ എന്ന് വിളിക്കുന്നു. എന്നാൽ സ്ഥയിയായ ഭാരം നല്കാത്ത കാര്യങ്ങൾ, അതായത് ആ വീട്ടിൽ താമസിക്കുന്ന അല്ലെങ്കിൽ വന്നു പോകുന്ന ആളുകളുടെ ഭാരം, അവിടെയുള്ള മറ്റു വസ്തുക്കൾ, അല്ലെങ്കിൽ കാറ്റ്, മഴ എന്നിവയിലൂടെ കെട്ടിടത്തിനു അനുഭവപ്പെട്ടേക്കാവുന്ന ഭാരം, ഇതിനെ നമ്മൾ ‘ലൈവ് ലോഡ്’ എന്ന് വിളിക്കുന്നു. അങ്ങനെ ഈ ഡെഡ് ലോഡ്, ലൈവ് ലോഡ് എന്നിവയുടെ ആകെ തുകയാണ് കെട്ടിടത്തിന്റെ ആകെ ഭാരമായി കണക്കാക്കുന്നത്. ഇങ്ങനെ ഉണ്ടാകുന്ന ആകെ ഭാരത്തെ കെട്ടിടത്തിന്റെ ഫൌണ്ടേഷനിലൂടെ കൃത്യമായി ഭൂമിയിലേക്ക് നൽകുവാൻ സാധിച്ചെങ്കിൽ മാത്രമേ പണിയപ്പെടുന്ന ഒരു കെട്ടിടം കേടുപാടുകൾ കൂടാതെ ഉറപ്പോടു കൂടി ഏറെ കാലം നിലനിൽക്കുകയുള്ളു. മണ്ണ് പരിശോധിക്കുന്നതിലൂടെ കെട്ടിടത്തിന്റെ ആകെ ഭാരത്തെ താങ്ങുവാൻ ആ മണ്ണിന്റെ ഘടനക്ക് സാധിക്കുമോ എന്നത് ഉറപ്പ് വരുത്തുവാൻ ഒരു സ്ട്രകച്ചറൽ എഞ്ചിനീയർക്ക് സാധിക്കും. അഥവാ വീട് പണിയുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിനു അത്ര ഉറപ്പ് ഇല്ല എങ്കിൽ വീടിന്റെ ആകെ ഭാരത്തെ ഒരേ പോലെ തന്നെ ഭൂമിയിലേക്ക് നൽകുന്ന രീതിയിൽ വീടിന്റെ സ്ട്രക്ചർ നിർണ്ണയിക്കുവാൻ ഒരു സ്ട്രകച്ചറൽ എഞ്ചിനീയർക്ക് സാധിക്കും. ഇതനുസരിച്ചു റഫ്റ്റിംഗ്, പൈലിംഗ് തുടങ്ങി ആവശ്യമായ രീതികൾ അവലംഭിക്കുവാൻ സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ കെട്ടിടം പണി ആരംഭിക്കുന്നതിന് മുൻപ് തന്നെ മണ്ണ് പരിശോധന നടത്തുക എന്നത് പ്രാധാന്യം ഉള്ളൊരു കാര്യമാണ്.

Q.കോൺക്രീറ്റിംഗ് പ്ലാസ്റ്ററിംഗ് എന്നീ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ്‌ വരുത്തേണ്ടതുണ്ടോ?

ഉണ്ട്‌ എന്നത് തന്നെയാണ് ഉത്തരം. കാരണം, ഒരു കോൺക്രീറ്റിന്റെ ഉറപ്പ് എത്രമാത്രം എന്നത് അതിൽ ഉപയോഗിച്ചിരിക്കുന്ന സിമന്റ്‌, വെള്ളം എന്നിവയിലെ ഘടകങ്ങളുടെ രാസപ്രതിപ്രവർത്തനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. കോൺക്രീറ്റിംഗ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വെള്ളം മോശമാണ് എങ്കിൽ, അതിൽ മറ്റു സൂഷ്മ ഘടകങ്ങളും അടങ്ങിയിട്ടുണ്ടാവും. അത്തരം ഘടകങ്ങൾ സിമന്റുമായി ചേരുമ്പോൾ വെള്ളവും സിമെന്റുമായുള്ള യഥാർത്ഥ രാസപ്രതിപ്രവർത്തനത്തിന് തടസ്സം സൃഷ്‌ടിക്കുകയും ഇത് കോൺക്രീറ്റിന്റെ ബലത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഉദാഹരണമായി ഉപ്പു വെള്ളം കോൺക്രീറ്റിങ്ങിനായി ഉപയോഗിച്ചാൽ, അതിൽ അടങ്ങിയിരിക്കുന്ന സോഡിയവും പൊട്ടാഷ്യവും പോലെയുള്ള ലവണങ്ങൾ സിമന്റിലെ ഘടകങ്ങളുമായി പ്രതിപ്രവർത്തിക്കുന്നത് മൂലം നാം പ്രതീക്ഷിക്കുന്ന രീതിയിൽ ഉള്ള ഫലം കോൺക്രീറ്റിനോ പ്ലാസ്റ്ററിങ്ങിനൊ ലഭിക്കാതെ വരും. അതുകൊണ്ട് PH ലെവൽ 6നും 8നും ഇടയിൽ വരുന്ന വെള്ളമാണ് മേൽപ്പറഞ്ഞ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യം.

Q.കുളിമുറി പണിയുമ്പോൾ വാട്ടർ പ്രൂഫിങ് നടത്തേണ്ടതുണ്ടോ? അതു ഒഴിവാക്കാവുന്നതാണോ?

വെള്ളം ഒഴുകി പോവുക എന്നത് സാധാരണമായ കാര്യമാണ്. കുളിമുറി പോലെ ഉള്ള ഭാഗത്ത്‌ കൂടുതൽ സമയവും നനവ് ഉണ്ടായിക്കൊണ്ടേയിരിക്കും. തുടർച്ചയായി ഇതു സംഭവിക്കുമ്പോൾ ഭിത്തികളിലും സ്ലാബുകളിലും തറയിലും ഉള്ള കോൺക്രീറ്റിനുള്ളിൽ ഉള്ള വളരെ നേർത്ത സുഷിരങ്ങളിലൂടെ ഈ വെള്ളം ഉള്ളിലേക്ക് ഇറങ്ങും. ഇതു കാലക്രമേണ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഈ സാഹചര്യം ഒഴിവാക്കുകയാണ് വാട്ടർ പ്രൂഫിങ് വഴി ചെയ്യപ്പെടുന്നത്. വാട്ടർ പ്രൂഫിങ് ചെയ്യുമ്പോൾ അനുയോജ്യമായ രീതിയിലൂടെ ഇത്തരം സൂഷ്മ സുഷിരങ്ങളെ അടച്ചു കളയുകയാണ് നാം ചെയ്യുക. കൂടാതെ കുളിമുറിയുടെ തറ പണിയുമ്പോൾ ആവശ്യമായ ചെരിവ് നൽകുക എന്നത് ഏറെ പ്രധാനമാണ്. ഇതു വെള്ളം കെട്ടി നിൽക്കുന്ന സാദ്ധ്യതകൾ ഇല്ലാതാക്കും.

ഞങ്ങളെ സമീപിക്കുക

Contact Us

ബന്ധപ്പെടുക

എച്ച്ഐ‌ഒ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്

സ്പ്രിംഗ് വാലി, നോർത്ത് കളമശ്ശേരി,

കൊച്ചി, കേരളം, ഇന്ത്യ